ആദ്യത്തെ ശാസ്ത്രകലാജാഥ

0

ശാസ്ത്രപ്രചാരണത്തിന് കല ഉപയോഗിക്കുന്നത് വളരെ ഫലപ്രദമായിരിക്കുമെന്ന ചിന്തയാണ് ശാസ്ത്രകലാജാഥക്ക് തുടക്കമിട്ടത്. പരിഷത്തിന്റെ കാഴ്ചപ്പാട് കലയുടെ മാധ്യമത്തിൽ കൂടി ജനങ്ങളിൽ എത്തിക്കുക എന്നതായിരുന്നു കലാജാഥയുടെ ലക്ഷ്യം. 1980 ജൂണിൽ കലാരൂപങ്ങൾ തയ്യാറാക്കുന്നതിനായി ഒരു കർമ സമിതി രൂപീകരിച്ചു. വി. കെ. ശശിധരനായിരുന്നു സമിതിയുടെ കൺവീനർ. ഗാനങ്ങളും തെരുവുനാടകങ്ങളും പലരെക്കൊണ്ടും എഴുതിച്ചു. ചർച്ചകളിലൂടെ ഭേദഗതി വരുത്തി. 1980 സെപ്തംബർ 4 മുതൽ 12 വരെ കലാകാരൻമാർ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്ത് പരിശീലനം നടത്തി. 1930 സെപ്തംബർ 12, 13, 14 തിയതികളിൽ മാന്നാറിൽ വെച്ച് പരിഷത്തിന്റെ സംസ്ഥാന പ്രവർത്തക ക്യാമ്പ് നടന്നു. അതു വരെയുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ഭാവിപരിപാടികൾ ആസൂത്രണം ചെയ്തു. ക്യാമ്പിൽ ശാസ്ത്രകലാജാഥിലെ കലാരൂപങ്ങൾ എല്ലാം അവതരിപ്പിച്ചു. പരിഷദ് പ്രവർത്തകരും പൊതുജനങ്ങളും പരിപാടികൾ വീക്ഷിച്ച് പല നിർദേശങ്ങളും നൽകി. അവയ്ക്കനുസരണമായ വ്യതിയാനങ്ങൾ പരിപാടികളിൽ വരുത്തി. സെപ്തംബർ 26 മുതൽ ഒക്ടോബർ രണ്ടുവരെ വീണ്ടും തിരുവനന്തപുരത്ത് താമസിച്ച് കലാകാരന്മാർ പരിശീലനം നേടി. 1980 ഒക്ടോബർ 2ന് തിരുവനന്തപുരം ജില്ലയിലെ കാരക്കോണം ഗ്രാമത്തിൽ നിന്ന് ജാഥ ആരംഭിച്ചു. അന്നത്തെ അഭ്യന്തര വകുപ്പുമന്ത്രി ടി കെ രാമകൃഷ്ണൻ ജാഥ ഉദ്ഘാടനം ചെയ്തു. കോന്നിയുർ ആർ നരേന്ദ്രനാഥ് ചടങ്ങിൽ ആധ്യക്ഷനായി. ജാഥയിലെ കലാകാരല്ലാം പരിഷദ് പ്രവർത്തകർ തന്നെയായിരുന്നു. കർഷകരും പഠിപ്പു കഴിഞ്ഞ് ജോലി അന്വേഷിച്ചു കൊണ്ടിരിക്കുന്നവരും സർക്കാർ ജീവനക്കാരും എഞ്ചിനീയർമാരും ഡോക്ടർമാരുമൊക്കെ കലാകാരന്മാരായി ഉണ്ടായിരുന്നു. ശ്രീ. എം. എസ്. മോഹനൻ ആയിരുന്നു ജാഥാ ക്യാപ്റ്റൻ. വി. കെ. ശശിധരൻ കൺവീനറും പി. ജി. പത്മനാഭൻ മാനേജരും ആയിരുന്നു.
കൈലിയും തലയിൽ കെട്ടും ചുവന്ന അരയിൽ കെട്ടും ആയിരുന്നു കലാകാരന്മാരുടെ വേഷം. ചെണ്ട, ഉടുക്ക്, ഗഞ്ചിറ, ഇലത്താളം എന്നീ വാദ്യോപകരണങ്ങൾ മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. ഓരോ ജില്ലയിലും ശരാശരി മൂന്നു ദിവസം ഈ പര്യടനം നടത്തി. ഒരു ദിവസം 6 പരിപാടികൾ വീതം നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും പല ദിവസങ്ങളിലും കൂടുതൽ പരിപാടികൾ നടത്തേണ്ടതായി വന്നുകൂടി.
“നാളെ നേതാക്കളായ് മാറേണ്ട നിങ്ങൾക്ക് //കാലം അമാന്തിച്ചുപോയില്ല //നിങ്ങൾ പഠിക്കുവിൻ നിങ്ങൾ പഠിക്കുവിൻ //ആദ്യക്ഷരം മുതൽ മേലോട്ട് //തയ്യാറാകണമിപ്പോൾ തന്നെ //ആജ്ഞാശക്തിയായ് മാറീടാൻ.”
എന്ന അവതരണ ഗാനം സദസ്യരിൽ ഉന്മേഷം പകർന്നു. സാധാരണക്കാരന്റെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ കാലതാമസം വരുത്തുന്ന ചുവപ്പു നാടയ്ക്കെതിരെ വിരൽചൂണ്ടുന്നതായിരുന്നു ആഫീസ് എന്ന നാടകം. “വെളിച്ചത്തിലേക്ക്’ എന്നത് അന്ധവിശ്വാസങ്ങൾ തള്ളിക്കളഞ്ഞ് ശാസ്ത്രീയമായി ചിന്തിക്കാൻ ജനങ്ങളെ പരിപ്പിക്കുന്ന ഒരു നാടകമായിരുന്നു. വന നശീകരണത്തിനും പരിസര മലിനീകരണത്തിനും എതിരായ ശക്തമായ ഒരു കലാസൃഷ്ടി ആയിരുന്നു കുറവരശികളി.
മലകളെ നീക്കം ചെയ്യാൻ ശ്രമിക്കുന്ന വൃദ്ധന്റെ കഥയായിരുന്നു ‘സമതലം’ എന്ന നാടകം. ‘ധർമാശുപത്രി’ എന്ന ഓട്ടൻ തുള്ളൽ കുത്തഴിഞ്ഞ ആരോഗ്യ രംഗത്തെ ശോച്യാവസ്ഥയും തുറന്നുകാട്ടിയിരുന്നു. നരബലി, ഗലീലിയോ എന്നീ വിൽപാട്ടുകളും ധാരാളം കേന്ദ്രങ്ങളിൽ അവതരിപ്പിക്കുകയുണ്ടായി. സോഷ്യലിസ്റ്റ് വിപ്ലവ ദിനമായ നവംബർ 7ന് ക ണ്ണൂർ ജില്ലയിലെ കാസറഗോഡ് ശാസ്ത്രകലാജാഥ സമാപിച്ചു.
37 ദിവസം നീണ്ടുനിന്ന കലാജാഥ 244 വേദികളിൽ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രസിദ്ധീകരണ സമിതി ഈ ഓരോ കേന്ദ്രങ്ങളിൽ മുൻകൂട്ടി പുസ്തകങ്ങൾ എത്തിക്കുകയും അത് വിൽപന നടത്തുന്ന തുക ജാഥാ ക്യാപ്റ്റനെ ഏൽപിക്കണമെന്നും നിർദേശം നൽകുകയും ചെയ്തിരുന്നു. ജാഥാ പരിപാടികൾ ലഘുലേഖകളായി അച്ചടിച്ച് അവയും വിൽപന നടത്തി. ചുരുങ്ങിയത് നാലുലക്ഷം പേരെങ്കിലും കലാജാഥ കണ്ടിരിക്കണം.
(ഇരുപതാം വാർഷിക സുവനീറിൽ നിന്ന്)

Leave a Reply

Your email address will not be published. Required fields are marked *