ആരാണ് ഇന്ത്യക്കാർ – ശാസ്‌ത്രകലാജാഥ 2020

0

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രകലാജാഥ വീണ്ടും വരികയാണ്. 1980 മുതൽ കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിനു വേദികളിൽ ശക്തമായ ശാസ്ത്രാവബോധ പ്രചരണത്തിനും സാമൂഹ്യ വിമർശനങ്ങൾക്കും ശാസ്ത്ര കലാജാഥ ഫലപ്രദമായ ഒരുപാധിയായി മാറി.
പരിഷത്തിന്റെ ഏറ്റവും വലിയ ബഹുജന വിദ്യാഭ്യാസ പരിപാടിയാണ് ശാസ്ത്ര കലാജാഥകൾ. ഇന്ത്യൻ ശാസ്ത്ര പാരമ്പര്യത്തെ കെട്ടുകഥകളിലും ഐതിഹ്യങ്ങളിലും തളച്ചിടാൻ ബോധപൂർവമായ പരിശ്രമങ്ങൾ ഇന്ത്യൻ ഭരണകൂടത്തിന്റെ തന്നെ നേതൃത്വത്തിൽ നടക്കുന്നു. പ്രഗത്ഭമായ രീതിയിൽ സംഘടിപ്പിച്ചു പോന്നിരുന്ന ഇന്ത്യൻ ശാസ്ത്രകോൺഗ്രസ് പോലും ഇത്തരം അപഹാസ്യമായ പ്രവർത്തനങ്ങൾക്ക് വേദിയാകുന്ന ലജ്ജാകരമായ കാഴ്ചകളാണ് നാം കാണുന്നത്. ശാസ്ത്രബോധം വളർത്തുക എന്നത് ഭരണഘടനാപരമായ ബാധ്യതയാണെന്ന് അംഗീകരിച്ച രാജ്യത്താണ് ഇത് നടക്കുന്നത്. ഇന്ത്യയിലെ മഹാഭൂരിപക്ഷവും നവലിബറൽ സാമ്പത്തിക നയങ്ങളെയും കോർപ്പറേറ്റ് അനുകൂല ഭരണത്തെയും ചൂഷണ വലയത്തിലാണ്. ദാരിദ്ര വല്‍ക്കരണത്തിന്റെ ഗതിവേഗം വർദ്ധിച്ചുവരുന്നു. അസമത്വം വലിയതോതിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. പൊതുമുതൽ പൊതുമേഖല പൊതു നിയന്ത്രണം എല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പ്രകൃതിവിഭവങ്ങൾ ലാഭമോഹക്കാരുടെ വിപണന വസ്തുക്കളായി ചുരുങ്ങിക്കഴിഞ്ഞിരിക്കുന്നു. നമ്മുടെ ഭക്ഷണം മുതൽ ചിന്തകൾക്കു വരെ നിയന്ത്രണമേർപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പൗരൻ എന്ന അവസ്ഥ തന്നെ അട്ടിമറിക്കപ്പെടുന്നു.
പലഭാഷകൾ സംസാരിച്ച് പല ദൈവങ്ങളെ വണങ്ങി പലതരത്തിലുള്ള ഭക്ഷണം പാകംചെയ്ത് പല വസ്ത്രങ്ങൾ ധരിച്ച് പല ആചാരങ്ങൾ പിന്തുടർന്ന് പോരുമ്പോഴും ആ വൈവിധ്യങ്ങൾക്കപ്പുറം ഞങ്ങൾ ഇന്ത്യക്കാരാണെന്ന് കരുതിപ്പോരുന്ന ജനവിഭാഗങ്ങളുടെ നാടാണ് നമ്മുടേത്. അങ്ങനെ ബഹുസ്വരതയെ കൊണ്ടാടുന്ന ഒരു നാട്ടിൽ ഏതെങ്കിലും ഒരു വിഭാഗം രാജ്യത്തിന്റെ യഥാർത്ഥ അവകാശികൾ തങ്ങളാണെന്ന് അവകാശപ്പെടുകയും മറ്റുള്ളവരെ സംശയത്തിന്റെ മുനയിൽ നിർത്തുകയും ചെയ്താലോ?
അതാണ് ഇപ്പോൾ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിൽ നിന്ന് പിറവിയെടുത്ത നമ്മുടെ ഭരണഘടനയുടെ അന്തസത്തയ്ക്ക് തന്നെ ഘടക വിരുദ്ധമാ‌ണീ നിലപാട്.
ദേശരാഷ്ട്ര സങ്കൽപങ്ങൾക്കും ഭരണക്രമങ്ങള്‍ക്കുമപ്പുറത്തുള്ള ആദിമകാലത്തെക്കുറിച്ച് നിരവധി പഠനങ്ങൾ ഇതിനകം നടന്നിട്ടുണ്ട്. മനുഷ്യവംശം നടത്തിയിട്ടുള്ള നിരവധി പാലായനങ്ങൾ ഭക്ഷണത്തിനും വെള്ളത്തിനും നിലനിൽപ്പിനും തന്നെയും വേണ്ടി നടത്തിയിട്ടുള്ള ദീർഘമായ യാത്രകൾ. അതിനിടയിൽ നടന്ന സംസ്കാരങ്ങളുടെ കൊടുക്കൽവാങ്ങലുകൾ, കൂടിച്ചേരലുകൾ, ഇവയൊക്കെ കൃത്യമായപഗ്രഥിക്കുന്ന ശാസ്ത്രീയ പഠനങ്ങൾ ഇന്ന് ലഭ്യമാണ്. വംശശുദ്ധിയും ജാതീയമായ ഉച്ചനീചത്വങ്ങളുടെയും മതപരമായ അന്യവത്കരണങ്ങളുടെയും തത്വശാസ്ത്രങ്ങൾ പരത്തുന്ന അന്ധകാരത്തെ ശാസ്ത്രത്തിന്റെ വെളിച്ചം കൊണ്ടേ പ്രതിരോധിക്കാൻ കഴിയൂ എന്നു പരിഷത്ത് വിശ്വസിക്കുന്നു.
നമ്മൾ ഇന്ത്യക്കാർ ആഗോള പൗരന്മാരാണ്. പല വംശങ്ങളും ഇണചേർന്നുണ്ടായവരാണ് നാം. വൈവിധ്യങ്ങളെ അംഗീകരിക്കുന്ന ഏകത്വവും സമത്വവും സാഹോദര്യവുമാണ് സ്വാതന്ത്ര്യ സമരത്തിലൂടെ നാം അരക്കിട്ടുറപ്പിച്ചത്. എന്നാൽ ജാതി സമൂഹങ്ങളെ സൃഷ്ടിച്ച അതേ ചിന്താധാരകൾ ഇന്നു വീണ്ടും മുഖ്യധാരയിൽ ഇടം പിടിക്കാൻ ശ്രമിക്കുന്നു. സയൻസിനും യുക്തിക്കും നിരക്കാത്ത ആർഷഭാരത കെട്ടുകഥകളുമായി അവർ വീണ്ടും ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇക്കാര്യങ്ങൾ തുറന്നു കാണിക്കുവാനും വിശ്വസാഹോദര്യം ഉയർത്തിപ്പിടിക്കുവാനും നമുക്ക് കഴിയണം. സയൻസും മാനവികതയും സമത്വവുമാണ് നമ്മുടെ ആയുധങ്ങൾ. അതിലേക്കുള്ള ഒരു എളിയ ഇടപെടലാണ് ശാസ്ത്ര കലാജാഥ.
വ്യാപകമായ പുസ്തക പ്രചാരണം നടത്തിയും ക്ലാസുകളും സംവാദങ്ങളും നടത്തിയും കേരളത്തിലെ അഞ്ഞൂറിലധികം കേന്ദ്രങ്ങളില്‍ ശാസ്ത്രകലാജാഥ എത്തുന്നു. സ്വീകരിക്കാനെത്തിയ എല്ലാവരെയും പരിഷത്ത് അഭിവാദ്യം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *