വയനാട് പ്രളയാനന്തര പഠന റിപ്പോർട്ട് സമർപ്പിക്കും

0

വയനാട്: രണ്ടുവർഷത്തെ തുടർച്ചയായ അതിവർഷത്തിനും പ്രളയത്തിനും, ഉരുൾപൊട്ടലുകൾക്കും ശേഷം കേരളം മറ്റൊരു മൺസൂൺ കാലത്തോടടുക്കുന്നു. ഈ വർഷവും മഴ സാധാരണയിൽ കൂടുതൽ ആയിരിക്കുമെണ് വിവിധ കാലാവസ്ഥ പ്രവചനങ്ങൾ സൂചിപ്പിക്കുത്. ഈ വർഷമാകട്ടെ കോവിഡ് എന്ന മഹാമാരിയോട് എതിരിട്ടു ക്ഷീണിതരായ ഒരു സമൂഹമാണ് നാം എന്നത് മറക്കാവുന്നതല്ല. എങ്കിലും ദുരന്തം മുൻകൂട്ടി കാണാൻ കഴിയുന്ന ഒരു ജനതയായി നമ്മൾ മാറുകയും അതിനെ നേരിടാൻ സ്വയം സന്നദ്ധമായ ഒരു സമൂഹമായി നമ്മൾ ഉയരുകയും ചെയ്യേണ്ടിയിരിക്കുന്നു.
കാലവർഷത്തോടനുബന്ധിച്ചു അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും രൂപപ്പെട്ട ന്യൂന മർദ്ദങ്ങളുടെ ഫലമായി ഉണ്ടായ അതിവർഷമാണ് 2018ലും 2019ലും കേരളത്തിൽ വലിയ ഉരുൾ പൊട്ടലുകൾക്കും പ്രളയത്തിനും ഇടയാക്കിയത്.
കഴിഞ്ഞ കുറെ വർഷങ്ങളായി മഴകുറവു രേഖപ്പെടുത്തിയിട്ടുള്ള ഒരു ജില്ലയായിരുന്നു വയനാട്. 2017 ൽ 37 ശതമാനം മഴ കുറവാണ് വയനാട്ടിൽ രേഖപ്പെടുത്തിയത്. എന്നാൽ 2018 ൽ കേരളത്തിൽ എല്ലായിടത്തും പെയ്തപോലെ വയനാട്ടിലും സാധാരണയിൽ കൂടിയ മഴ ലഭിക്കുകയുണ്ടായി. 2018 ൽ വയനാട്ടിലെ വിവിധ പ്രദേശങ്ങളിൽ 10 മുതൽ 80 ശതമാനം വരെ കൂടുതൽ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ആഗസ്ത് 8 ,9 ,10 തീയതികളിൽ അതി തീവ്രമഴയും ഉണ്ടായി. പ്രധാന പുഴകളായ മാനന്തവാടി ബാവലി പനമരം പുഴകൾ കരകവിഞ്ഞൊഴുകി വലിയതോതിലുള്ള ആഘാതങ്ങൾ പുഴ തടങ്ങളിൽ ഉണ്ടായി. 2018ൽ ജില്ലയിൽ 69 സ്ഥലങ്ങളിൽ ഉരുൾ പ്പൊട്ടലും ആയിരത്തോളം ചെറുതും വലുതുമായ മണ്ണിടിച്ചിലും അൻതിലധികം ഇടങ്ങളിൽ മണ്ണ് തെന്നിമാറൽ പ്രതിഭാസങ്ങളും ഉണ്ടായി. 127 ഗ്രാമങ്ങൾ 17 പഞ്ചായത്തുകളിലായി വെള്ളത്തിനടിയിലായി. 10 മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടു തീർത്തും കാർഷിക ജില്ലയായ വയനാട്ടിൽ കൃഷിനാശം ജനസംഖ്യയുടെ പകുതിയിലധികം ആളുകളെ ബാധിച്ചു.
2019 ലും ഇതു തുടർന്നു. പുത്തുമലയിൽ അതിഭയങ്കരമായ ഉരുൾപൊട്ടൽ ഉണ്ടായി. നൂറിലധികം വീടുകൾ നാമാവശേഷമായി. 17 മനുഷ്യ ജീവനുകൾ നഷ്ട്ടപ്പെട്ടു.
ഈ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിൽ വയനാട്ടിലെ അതിതീവ്ര മഴയും തുടർന്നുണ്ടായ ദുരന്തങ്ങളെയും സംബന്ധിച്ച് ശാസ്ത്രസാഹിത്യ പരിഷത്തും ഹ്യൂം സെന്റർ ഫോർ ഇക്കോളജിയും ചേർന്ന് ഒരു പഠനം നടത്തുകയുണ്ടായി
മുൻ വർഷങ്ങളിലെ മഴയുടെയും ഉരുൾപൊട്ടലുകളുടെയും വിവരങ്ങളും, ഭൂപ്രകൃതിയുടെ ചരിവും, മണ്ണിന്റെ ഘടനയും നീർച്ചാലുകളുടെ വിന്യാസവും കണക്കിലെടുത്തു ഉപഗ്രഹ സാങ്കേതിക വിദ്യ ഉപയോഗപെടുത്തികൊണ്ട്, ഒരു പരിധിയിൽ കൂടുതൽ മഴ ലഭിച്ചാൽ ഉരുൾ പൊട്ടാൻ സാധ്യതയുള്ള പ്രദേശങ്ങളെ പ്രവചിക്കാൻ നമുക്ക് കഴിയും. ഇത്തരത്തിലുള്ള ഒരു പഠനമാണ് കഴിഞ്ഞ രണ്ടു വർഷങ്ങളിലായി നടത്തിയത്. കൂടാതെ വയനാടിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ 20 വർഷത്തിലുണ്ടായ മഴയുടെ അളവുകൾ വിശകലനം ചെയ്യുകയും ചെയ്‌തു.
നിർദേശങ്ങൾ ഉൾപ്പടെ ഉള്ള പഠന റിപ്പോർട് അടുത്ത ആഴ്ച ദുരന്ത നിവാരണ സമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്ക് സമർപ്പിക്കും എന്ന് ജില്ലാ സെക്രട്ടറി എം കെ ദേവസ്യ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *