പര്യവേക്ഷണവും പര്യവേഷണവും

0

ശ്രീ.പി.എം.സിദ്ധാര്‍ത്ഥന്‍ രചിച്ച ബഹിരാകാശ പര്യവേഷണം : ശാസ്ത്രവും സാങ്കേതികവിദ്യയും എന്ന ഗ്രന്ഥത്തിന്റെ പരസ്യം കേരളത്തിലെ പ്രമുഖ ആനുകാലികങ്ങളില്‍ നല്‍കിയിരുന്നു. പരസ്യംകണ്ട് പുസ്തകത്തിന്റെ പേരിനെ സംബന്ധിച്ച് നിരവധി സുഹൃത്തുക്കള്‍ കത്തിലൂടെയും ഫോണിലൂടെയും നേരിട്ടും സംശയം പ്രകടിപ്പിക്കുകയുണ്ടായി. പര്യവേക്ഷണം എന്നല്ലേ വേണ്ടത്, പര്യവേഷണം തെറ്റല്ലേ, പര്യവേഷണം തെറ്റാണെന്ന് അപശബ്ദബോധിനിയില്‍ പറഞ്ഞിട്ടുണ്ടല്ലോ, അങ്ങനെയൊരു വാക്ക് ശബ്ദതാരാവലിയിലില്ലല്ലോ – ഇതൊക്കെയാണ് അവര്‍ പറഞ്ഞ കാര്യങ്ങള്‍. അവര്‍ പറഞ്ഞതൊക്കെ ശരിയാണ്. എന്നാല്‍ ഇവിടെ പര്യവേഷണം എന്ന വാക്കുപയോഗിച്ചിരിക്കുന്നത് Exploration എന്ന വാക്കിന്റെ തര്‍ജമയായാണ്. Exploration ന് Travel with a view of making discovery, Examine thoroughly to get a truth എന്നൊക്കെയാണ് നിഘണ്ടുകാരന്മാര്‍ വിശദീകരണം നല്‍കിയിട്ടുള്ളത്. പര്യവേക്ഷണത്തിന് പരിശോധന, മേല്‍നോട്ടം എന്നാണ് ശബ്ദതാരാവലിയില്‍ അര്‍ഥം കൊടുത്തിട്ടുള്ളത്. ഇതുപോലുള്ള രണ്ടുപദങ്ങള്‍ കൂടിയുണ്ട്. Search, Survey. Search പരിശോധന, പര്യേഷണം എന്നും Surveyക്ക് നിരീക്ഷണം, പരിശോധന എന്നുമാണ് അര്‍ഥം പറഞ്ഞിട്ടുള്ളത്. Exploration എന്ന വാക്കിന്റെ പൂര്‍ണമായ അര്‍ഥവും ആശയവും പര്യവേക്ഷണം എന്ന പദംകൊണ്ട് ലഭിക്കുന്നില്ല. അതുകൊണ്ടാണ് പര്യവേഷണം എന്ന് ഞങ്ങള്‍ പ്രയോഗിച്ചത് (ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വാങ്മയിയുടെ ഭാഷാപര്യടനം എന്ന ഗ്രന്ഥത്തില്‍ പര്യവേഷണം എന്ന പദം കൊടുത്തിട്ടുണ്ട്. ഭാഷാശാസ്ത്രപണ്ഡിതനായ ഡോ.പ്രബോധചന്ദ്രന്‍നായരാണ് പ്രസ്തുത ഗ്രന്ഥത്തിന്റെ പരിശോധകന്‍).

ജീവല്‍ഭാഷയില്‍ പുതിയ പദങ്ങളും പ്രയോഗങ്ങളും ഉണ്ടായിക്കൊണ്ടേയിരിക്കും. ചില പദങ്ങളുടെ അര്‍ഥം പൂര്‍ണമായി മാറിപ്പോയേക്കും. പശുവിനെ അന്വേഷിക്കുക എന്നര്‍ഥമുള്ള ഗവേഷണം എന്ന പദത്തിന്റെ അര്‍ഥ പരിണാമം പ്രത്യേകം പറയേണ്ടതില്ലല്ലോ. പുതിയ കാലത്തെയും പുതിയ ആശയങ്ങളെയും ഉള്‍ക്കൊള്ളാനും ആവിഷ്‌കരിക്കാനും കഴിയുമ്പോഴാണ് ഒരു ഭാഷ വളരുന്നത്, ശ്രേഷ്ഠമാകുന്നത്.
കണ്‍വീനര്‍

പ്രസിദ്ധീകരണസമിതി

Leave a Reply

Your email address will not be published. Required fields are marked *