വനിതാഘടക പദ്ധതി മാര്‍ഗ്ഗരേഖയില്‍ ഉള്‍പ്പെടുത്തുന്നതിനായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ആസൂത്രണ ബോഡിന് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍

0

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരിട്ട് ഗുണം കിട്ടുന്ന തരത്തിലുള്ള പ്രോജക്ടുകള്‍ മാത്രമേ വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളൂ.
പഞ്ചവത്സര പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ പ്രാദേശിക സ്ത്രീപദവി പഠനം നടത്തേണ്ടതും, ഓരോ അഞ്ചുവര്‍ഷത്തിലും ഉണ്ടായ മാറ്റം വിലയിരുത്തേണ്ടതുമാണ്. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കണം വനിതാഘടക പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത്.
സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും സാമൂഹ്യ സുരക്ഷ ഉറപ്പ് വരുത്താന്‍ ഉതകുന്ന തരത്തിലുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കേണ്ടതാണ്.
പരിശീലനങ്ങള്‍ക്ക് മാത്രമായി പ്രോജക്ട് വയ്ക്കാന്‍ പാടില്ല. എന്നാല്‍ ഒരു സമഗ്ര പദ്ധതിയുടെ ഭാഗമായി പഠനം, പരിശീലനം, ബോധവത്കരണം എന്നിവ നടത്താവുന്നതാണ്.
വിവധ മേഖലകളില്‍ വൈദഗ്ധ്യമുള്ള സ്ത്രീകളെ കണ്ടെത്തുന്നതിനും അവരുടെ വൈദഗ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനും, വരുമാനം സൃഷ്ടിക്കാനുമുള്ള പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാവുന്നതുമാണ്.
വനിതകള്‍ ആരംഭിക്കുന്ന തൊഴില്‍, ഉല്പാദന യൂണിറ്റുകള്‍ക്ക് മാനേജ്‌മെന്റ്, വിപണനം, വൈദഗ്ധ്യപോഷണം,മറ്റു പ്രശ്‌നപരിഹാരങ്ങള്‍ തുടങ്ങിയവയില്‍ തുടര്‍സഹായം നല്‍കണം.
ഉല്പാദന-തൊഴില്‍-വിപണന മേഖലകളുമായി ബന്ധപ്പെട്ട നവീന ആശയങ്ങള്‍, പ്രക്രിയകള്‍, ശൃംഖലാ പ്രവര്‍ത്തനങ്ങള്‍, അനുഭവങ്ങള്‍ എന്നിവ കൈമാറുന്നതിന് സഹായകമായ ‘’ഇന്നവേറ്റേഴ്‌സ്മീറ്റുകള്‍‘’ സംഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ ജില്ലാ/സംസ്ഥാന തലങ്ങളില്‍ സ്വീകരിക്കാവുന്നതാണ്.
വനിതകള്‍ക്ക് നേരിട്ട് ഗുണം കിട്ടുന്ന തരത്തില്‍ മാര്‍ക്കറ്റിങ്ങ് സംവിധാനങ്ങള്‍ക്ക് രൂപം നല്‍കാവുന്നതാണ്.
തൊഴിലിടങ്ങള്‍, തൊഴില്‍ മേഖലകള്‍ എന്നിവ സ്ത്രീസൗഹൃദപരമാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാവുന്നതാണ്.
തൊഴില്‍ നീതിനിഷേധവും തൊഴില്‍ ചൂഷണവും തടയാന്‍ പ്രാദേശിക തലത്തില്‍ ജാഗ്രതാസമിതി നേതൃത്വത്തില്‍ മോണിറ്ററിംഗ് സംവിധാനം ഉണ്ടാക്കാവുന്നതാണ്.
സ്ത്രീകള്‍ക്ക് ഏത് സമയത്തും സഞ്ചരിക്കുവാന്‍ അവസരമൊരുക്കുന്നതിനും, പൊതു ഇടങ്ങളില്‍ സ്ത്രീ സൗഹൃദ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിനുമുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാവുന്നതാണ്.
സ്ത്രീ സുരക്ഷ, പരിരക്ഷാ സംവിധാനങ്ങള്‍, നിയമം തുടങ്ങിയവയില്‍ ബോധവത്കരണം നടത്താം.
തദ്ദേശസ്വയംഭരണ സ്ഥാപനം, ഘടകസ്ഥാപനങ്ങള്‍ എന്നിവ സ്ത്രീ സൗഹൃദമാക്കാന്‍ വേണ്ട പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാം. ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നത് ഒഴികെ.
കൗമാര വിദ്യാഭ്യാസത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രൂപപ്പെടുത്തുന്ന ജന്റര്‍ റിസോഴ്‌സ് ടീമിന്റെ സഹായത്തോടെ കൃത്യമായ മോഡ്യൂള്‍ തയ്യാറാക്കി ജില്ലാതലത്തില്‍ അംഗീകാരം വാങ്ങി നടപ്പിലാക്കണം.
വിദ്യാലയങ്ങള്‍ ഗേള്‍സ് ഫ്രണ്ട്‌ലിയാക്കുന്നതോടൊപ്പം വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കും, പരാതി പരിഹാരത്തിനും സഹായമാകുന്ന വിധത്തില്‍ ജാഗ്രതാസമിതി പിന്‍തുണയോടെ ജന്റര്‍ ഡെസ്‌ക് ആരംഭിക്കാവുന്നതാണ്.
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും കലാ-കായിക, സാഹിത്യ-സാംസ്‌കാരിക അഭിരുചി പരിപോഷിപ്പിക്കാനുള്ള പരിപാടികള്‍ക്ക് രൂപം നല്‍കാവുന്നതാണ്.
പെണ്‍കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും, കായിക പരിശീലനത്തിന് പ്രത്യേക ഇടങ്ങള്‍ ഉണ്ടാക്കാവുന്നതാണ്. നിലവിലുള്ള കളിസ്ഥലങ്ങള്‍ സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കുംകൂടി ഉപയോഗിക്കാവുന്ന വിധത്തില്‍ സജ്ജീകരിക്കേണ്ടതാണ്.
സ്ത്രീകളുടെ ശാരീരിക മാനസിക പ്രശ്‌നങ്ങളുള്‍പ്പെടെയുള്ള പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാവുന്നതാണ്.
കിടപ്പുരോഗികളായ സ്ത്രീകള്‍, മറ്റു വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവരുള്‍പ്പെടുന്ന വീടുകളിലെ അംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം, കൗണ്‍സിലിംഗ് സഹായം എന്നിവയ്ക്കുള്ള സംവിധാനം ഉണ്ടാക്കാവുന്നതാണ്.
വിധവകളുടെയും അവിവാഹിതരായ അമ്മമാരുടെയും പുനരധിവാസത്തിന് പ്രത്യേക സമഗ്ര പദ്ധതിക്ക് രൂപം നല്‍കാവുന്നതാണ്.
സ്ത്രീകളുടെ അമിത ജോലിഭാരം/ഇരട്ടജോലിഭാരം ലഘൂകരിക്കാനുതകുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കണം.
വിദ്യാര്‍ത്ഥികള്‍, അധ്യാപക-രക്ഷകര്‍തൃസമിതി, കുടുംബശ്രീ, പൊതു അയല്‍ക്കൂട്ടങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷന്‍, ഗ്രന്ഥശാലകള്‍ തുടങ്ങിയ പ്രാദേശിക സംഘടനാ സംവിധാനങ്ങളിലൂടെ ലിംഗതുല്യതയും ലിംഗനീതിയും ഉറപ്പാക്കാനാവുന്ന പൗരബോധനപരിപാടികള്‍ ആവിഷ്‌കരിക്കാവുന്നതാണ്.
സ്ത്രീ ശാക്തീകരണത്തിന് നേതൃത്വം നല്‍കുവാന്‍ തദ്ദേശഭരണ സ്ഥാപനത്തിന് സഹായകമാകുന്ന വിധത്തില്‍ വനിതാ പദ്ധതികളുടെ ആസൂത്രണം, പിന്തുണ, ഏകോപനം, വൈദഗ്ധ്യം നല്കല്‍, മോണിറ്ററിംഗ് എന്നിവക്കായി തദ്ദേശഭരണസ്ഥാപനങ്ങളില്‍ ജന്റര്‍ റിസോഴ്‌സ് ഗ്രൂപ്പിനും അവയുടെ നേതൃത്വത്തില്‍ ജന്റര്‍ റിസോഴ്‌സ് സെന്ററിനും രൂപം നല്‍കേണ്ടതാണ്.
ജന്റര്‍ റിസോഴ്‌സ് സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വൈദഗ്ധ്യം, പിന്തുണ, ഏകോപനം എന്നിവക്കായി ഡി.പി.സി.യുടെ നേതൃത്വത്തിലും സഹായത്തിലും ജന്റര്‍ റിസോഴ്‌സ്/ജന്റര്‍ റിസോഴ്‌സ് സപ്പോര്‍ട്ട് സംവിധാനങ്ങള്‍ തയ്യാറാക്കാവുന്നതും, ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം, വൈദഗ്ധ്യം എന്നിവ ലക്ഷ്യംവച്ച് സംസ്ഥാനതല ഏകോപന സംവിധാന സാധ്യത പരിശോധിക്കേണ്ടതുമാണ്.
ലിംഗതുല്യത, ലിംഗനീതി എന്നിവ ലക്ഷ്യംവച്ച് വനിതാ ഘടകപദ്ധതിയുടെ ഭാഗമായും, അല്ലാതെയും തദ്ദേശഭരണസ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന പരിശീലന പ്രോജക്ടുകള്‍, പരിപാടികള്‍, അവയുടെ മൊഡ്യൂളുകള്‍ എന്നിവ ജില്ലാതല ജന്റര്‍ റിസോഴ്‌സ് ടീം പരിശോധിച്ച് അംഗീകാരയോഗ്യമാക്കേണ്ടതാണ്.
പദ്ധതിപ്രവര്‍ത്തനങ്ങളില്‍ ആസൂത്രണ-നിര്‍വ്വഹണ വൈദഗ്ധ്യം, കാര്യക്ഷമത, പങ്കാളിത്തം എന്നിവ വര്‍ദ്ധിപ്പിക്കാനാവുന്ന വിധം സ്ത്രീ ശാക്തീകരണം, ലിംഗതുല്യത എന്നിവ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളെ തദ്ദേശഭരണ പ്രവര്‍ത്തനങ്ങളില്‍ കണ്ണിചേര്‍ക്കാവുന്നതാണ്.
ജന്റര്‍ റിസോഴ്‌സ് സെന്റര്‍, ജാഗ്രതാ സമിതി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കനിവാര്യമായിവരുന്ന തുക വനിതാ ഘടനപദ്ധതി വിഹിതത്തില്‍ നിന്നും വിനിയോഗിക്കാവുന്നതാണ്.
ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ബോര്‍ഡ് വൈസ്ചെയര്‍മാനും, സ്ഥലത്തുണ്ടായിരുന്ന ബോര്‍ഡ് അംഗങ്ങളും, ഒന്നര മണിക്കൂര്‍ സമയം പരിഷത്ത് പ്രതിനിധിസംഘവുമായി ചര്‍ച്ച നടത്താന്‍ തയ്യാറായി. ചര്‍ച്ചയിലൂടെ രൂപപ്പെട്ട നിര്‍ദേശങ്ങള്‍ കൈപ്പുസ്തകരൂപത്തിലാക്കാന്‍ ഡിസംബര്‍ 27ന് വനിതാ ഘടകപദ്ധതി ഗ്രൂപ്പിന്റെ ശില്പശാല തീരുമാനിക്കുകയും ചെയ്തു. ഞങ്ങള്‍ മടങ്ങിയെത്തുമ്പോഴേക്കും ശില്പശാലയുടെ അറിയിപ്പ് മെയിലായി വരികയും ചെയ്തു.
പരിഷത്ത് ഇക്കാര്യത്തില്‍ കാണിച്ച താല്പര്യത്തെ വൈസ് ചെയര്‍മാന്‍ അഭിനന്ദിക്കുകയും പരിഷത്തിനോട് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ഡോ. ഇക്ബാല്‍, ഡോ. കെ.പി. അരവിന്ദന്‍, പി. മുരളീധരന്‍, ആര്‍. പാര്‍വ്വതീദേവി, പി. ഗോപകുമാര്‍, ടി.രാധാമണി, ബി.രമേഷ്, സന്തോഷ് ഏറത്ത്, ഹരികൃഷ്ണന്‍, തുടങ്ങിയവര്‍ പരിഷത്ത് സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *