ദീപ ജോസഫ് : കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ അംഗത്വത്തിലേക്ക്

0

അന്താരാഷ്ട്ര വനിതാ ദിനത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ്റെ സ്ത്രീരത്നാ പുരസ്കാരത്തിന് അർഹയായ കേരളത്തിലെ ആദ്യ വനിതാ ആംബുലൻസ് ഡ്രൈവറായ ദീപ ജോസഫിന് പരിഷത്ത്  അംഗത്വം നൽകി. പരിഷത്ത് നാദാപുരം മേഖലയിലെ ഗൃഹസന്ദർശനത്തിൻ്റെ അനുഭവങ്ങൾ പങ്ക് വെച്ച് കോഴിക്കോട് ജില്ലാ ജോയിന്‍റ് സെക്രട്ടറി ഹരീഷ് ഹർഷ തയാറാക്കിയ കുറിപ്പ്.

ഇന്നലെ (02-07-2023 ) രാവിലെ 9.45 ന് പയന്തോങ്ങ് ബസ്റ്റോപ്പിന് സമീപമുളള കല്ലാച്ചി യു.പി സ്കൂളിലെത്തിയത് നാദാപുരം മേഖല യുവസമിതി കൂടിയിരിപ്പിൽ യുവസമിതി പ്രവർത്തകരുമായി കുറച്ച് വർത്തമാനം പറഞ്ഞ് കൂടിയിരിപ്പ് ഉദ്ഘാടനം നടത്തുക എന്ന ഉദ്ദേശത്തോടെയാണ്. ജില്ലാ പരിസരവിഷയ സമിതി കൺവീനർ വിജീഷ് പരവരിയും കുറച്ച് വൈകിയാണെങ്കിലും എത്തുമെന്നും അറിയിച്ചിരുന്നു. പാതി തുറന്ന് കിടന്ന സ്കൂൾ ഗൈറ്റ് കടന്ന് മുന്നോട്ട് നടന്നപ്പോൾ കല്ലാച്ചി യൂനിറ്റ് സെക്രട്ടറി അനൂപ് അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അല്പ സമയം കഴിഞ്ഞപ്പോൾ ജില്ലാ വൈസ് പ്രസിഡണ്ട് പ്രീതച്ചേച്ചിയും അവരുടെ ജീവിത പങ്കാളി ജില്ലാ കമ്മറ്റി അംഗം കൂടിയായ വി കെ സി എന്ന വി കെ ചന്ദ്രൻ മാസ്റ്ററും മകനും യുവസമിതി പ്രവർത്തകനായ ഗൗതംചന്ദ്രനൊപ്പം സ്കൂളിലെത്തി. അധികം വൈകാതെ മേഖലാ സെക്രട്ടറി ശശിധരൻ മാസ്റ്ററും എത്തി ചേർന്നു. അതിനിടക്ക് ഞാനും ചന്ദ്രൻ മാഷും ഒരു ചായ കുടിക്കാനായി കല്ലാച്ചിയിലേക്ക് പോയി. ചായ കുടി കഴിഞ്ഞ് സ്കൂളിൽ തിരിച്ചെത്തിയപ്പോഴേക്ക് യുവസമിതിയിൽ മുൻ പരിചയമുള്ള അഭിരാം , അനുരാഗ് എന്നിവരും നാദാപുരം മേഖലയിൽ യുവസമിതി സംഘാടനത്തിനായി ചുമതയിലുണ്ടായിരുന്ന സൂരജ് അടക്കം നാദാപുരം മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 25 യുവതീ യുവാക്കൾ കൂടി അവിടെ എത്തി ചേർന്നിരുന്നു. അവർക്കൊപ്പം ചേരാൻ പരിഷത്തിൻ്റെ മുതിർന്ന പ്രവർത്തകരായ എ.കെ. പീതാംബരൻ , അശോകൻ ,അനുപ് എന്നിവരും എത്തിയിരുന്നു. പിന്നെ അധികം വൈകാതെ യുവസമിതി പ്രവർത്തകരുടെ കൂടിയിരിപ്പ് പരിപാടികളിലേക്ക് . പരിഷത്ത് ജില്ലാ ജോയിൻ്റ് സെക്രട്ടറി എന്ന നിലയിൽ എൻ്റെ ഉദ്ഘാടന വർത്തമാനം നടക്കുന്നതിനിടയിൽ വിജീഷും ഞങ്ങൾക്കൊപ്പമെത്തി ചേർന്നിരുന്നു. തുടർന്ന് യുവസമിതി കൂട്ടുകാരുടെ പരിചയപ്പെടല്‍ പ്രീത ചേച്ചിയുടെ പരിഷത്ത് ഗാനാലാപനവും.

എനിക്ക് ശേഷം യുവസമിതിയുടെ മുൻ സംഘാടകൻ കൂടിയായിരുന്ന വിജീഷ്  യുവ സമിതി പരിപാടികളെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും വാക്കുകളും കളികളുമെല്ലാം ചേർത്ത് തൻ്റെ വർത്തമാം തുടരുന്നതിനിടെ . നാദാപുരം മേഖലയിലെ പ്രവർത്തകർ എന്നോട് ഒരു ആവശ്യം കൂടി ഉന്നയിച്ചു , അവർക്കൊപ്പം കല്ലാച്ചി യൂണിറ്റിലെ അംഗത്വ പ്രവർത്തനത്തിൻ്റെയും മാസിക പ്രചാരണ പ്രവർത്തനത്തിൻ്റെയും ഭാഗമായി ഗൃഹസന്ദർശനത്തിന് അവരോടൊപ്പം ചേരണമെന്ന് . വളരെ സന്തോഷ പൂർവം ക്ഷണം സ്വീകരിച്ച് മേഖലാ സെക്രടറി ശശിധരൻ മാഷുടെ വാഹനത്തിൽ ജില്ലാ കമ്മറ്റി അംഗം വി.കെ.ചന്ദ്രൻ , മേഖലാ പ്രസിഡണ്ട് പി.കെ. അശോകൻ , യൂനിറ്റ് സെക്രട്ടറി അനൂപ് , പ്രസിഡണ്ട് അനിൽകുമാർ എന്നിവർക്കൊപ്പം യാത്രയായി .

ഞങ്ങളുടെ ആ യാത്ര വനിതാ ആബുലൻസ് ഡ്രൈവർ എന്ന വിശേഷണത്തോടെ കേരളത്തിൻ്റെ മുഴവൻ ശ്രദ്ധ നേടിയ ദീപ ജോസഫിൻ്റെ വീട്ടിലേക്കായിരുന്നു.  തലേരണ്ട് ദിവസങ്ങൾ കുട്ടികളുമൊന്നിച്ച് ഒരു യാത്രയെല്ലാം കഴിഞ്ഞതിനാല്‍ ദീപയും കുട്ടികളും  വീട്ടിൽ ഉണ്ടായിരുന്നു. തുടർന്ന് കുറച്ച് സമയം ദീപയുമായി സൗഹൃദ സംഭാഷണം , മകൾക്ക് പറ്റിയ ഒരു അപകടത്തെ കുറിച്ചും അതിൻ്റെ തുടർ ചികിത്സയെ കുറിച്ചും , ഒരു സംവിധായിക എന്ന നിലയിലും അഭിനയേത്രി എന്ന നിലയിലും തൻ്റെ ചില ശ്രമങ്ങളും എല്ലാം ആ സംഭാഷണങ്ങൾക്കിടയിൽ ദീപ ഞങ്ങളുമായി പങ്കു വെച്ചു. കൂടാതെ ഒരു ആംബുലൻസ് ഡ്രൈവർ എന്ന നിലയിൽ തൻ്റെ ജീവിതത്തിലെ ചില അനുഭവങ്ങളും അവർ ഞങ്ങളോട് പങ്കുവെച്ചപ്പോൾ ഒരു വനിത എന്ന നിലയിൽ കുടുംബത്തിൻ്റെ ഉത്തരാദിത്തങ്ങൾക്കുപരിയായി സമൂഹത്തിൻ്റെ പ്രശ്നങ്ങൾ കൂടി ഏറ്റെടുത്ത് തൻ്റെ കടമ നിർവഹിക്കുന്ന ഒരു വനിതയെ കാണാനും പരിചയപ്പെടാനും കഴിഞ്ഞതിലുളള  ആത്മ നിർവൃതി കൂടിയായിരുന്നു ഞങ്ങളിൽ നിറഞ്ഞത്. അത്തരമൊരു വനിതയെ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിൻ്റെ കല്ലാച്ചി യൂനിറ്റ് അംഗമാക്കി അവരിൽനിന്നും മെമ്പർഷിപ്പ് ഫോമും അംഗത്വ വരിയും കൈപറ്റാനുള്ള അവസരവും ആ യാത്ര എനിക്ക് സമ്മാനിച്ചു.തൻ്റെ മകൾക്ക് വേണ്ടി ശാസ്ത്രകേരളത്തിൻ്റെ വാർഷിക വരിസംഖ്യ മേഖലാ പ്രസിഡണ്ട് അശോകന് നൽകി നാദാപുരം മേഖലയിലെ ജൂലൈ മാസത്തെ മാസികാ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അവർ നിർവഹിച്ചു. ആ പ്രദേശത്ത് ഒരു പുതിയ താമസക്കാരി കൂടി ആയ അവർ പ്രദേശത്തെ വായനശാലയിൽ തൻ്റെ മകൾക്ക് ഒരു മെമ്പർഷിപ്പ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട അഭ്യർത്ഥന യൂനിറ്റ് സെക്രട്ടറി അനിൽ കുമാറിനോട് നടത്തുകയും ചെയ്തു. അവർ ഒരുക്കിയ ചായയും കഴിച്ചാണ് ഞങ്ങൾ അവിടെ നിന്നും ഇറങ്ങിയത്.

തിരിച്ച് സ്കൂളിൽ എത്തിയപ്പോഴേക്ക് യുവസമിതി പ്രവർത്തകരുടെ കൂടിയിരിപ്പും ഏതാണ്ട് അവസാനിക്കാറായിരുന്നു. കൂടിയിരിപ്പിന് എത്തിയ നിരഞ്ജന പഹലിയുടെ ജന്മദിനം കൂടിയായിരുന്നു , അതിനാൽ യുവസമിതി പ്രവർത്തകർ നിരഞ്ജനയുടെ ജന്മദിനം ആഘോഷിക്കാൻ ഒരുക്കിയ കേക്ക് മുറിച്ച് നിരഞ്ജനക്ക് ജന്മദിനാശംശകളും അറിയിച്ചു .

കോഴിക്കോട് ജില്ലയിൽ പരിഷത്ത് പ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി നടക്കുന്ന നാദാപുരം മേഖലയിൽ പരിഷത്തിൻ്റെ നേതൃത്വത്തിൽ ആശാവഹമായ നിരവധി പ്രവർത്തനങ്ങളാണ് ഈ വർഷം ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. കല്ലാച്ചി ഗ്രാമ പഞ്ചായത്തിലെ ഒരു വാർഡിനെ സന്തുഷ്ട ഗ്രാമമാക്കി മാറ്റാനുള്ള പരിപാടികളുടെ ഭാഗമായി അയൽ സഭകളിലെ പ്രധാന പ്രവർത്തകർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനുളള “സന്തുഷ്ട ഗ്രാമം : ശില്പശാല ” ഇന്നലെ വൈകുന്നേരം 3 മണിക്ക് കുറ്റിപ്രം എ.എൽ.പി സ്കൂളിൽ നാദാപുരം മേഖല ആസൂത്രണം ചെയ്തിരുന്നു. മറ്റു ചില പരിപാടികൾക്ക്കൂടി നേരത്തെ ഏറ്റിരുന്നതിനാൽ സന്തുഷ്ട ഗ്രാമ പരിപാടിയിൽ പങ്കെടുക്കാനുള്ള പ്രയാസം സംഘാടകരെ അറിയിച്ച് കല്ലാച്ചിയിൽ നിന്നും വിജീഷിനൊപ്പം തിരികെ നാട്ടിലേക്ക് .

 

Leave a Reply

Your email address will not be published. Required fields are marked *